Income Tax Return 2013-14 : 

E-Filing Income Tax Return 2013 [ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 5 വരെ ദീര്‍ഘിപ്പിച്ചു ] 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ലക്ഷം രൂപയില്‍ താഴെ മൊത്ത വരുമാനമുള്ളവരെ (ഇന്‍കം ടാക്സില്‍ മൊത്തവരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്) ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതല്ല എന്ന് 2013 ജൂലൈ 22 ന് ഒരു സര്‍ക്കുലറിലൂടെ CBDT വ്യക്തമാക്കിയിരുന്നു. ചില പ്രമുഖ പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് അത്ര തന്നെ കര്‍ശനമാക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വരും വര്‍ഷങ്ങളില്‍ എല്ലാവരെയും ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് കൊണ്ട് വരാനാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് സംവിധാനം കുറച്ച് കൂടി ലളിതമാക്കിയിട്ടുണ്ട്. ഇ-ഫയലിംഗ് സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങള്‍ സാധാരണക്കാരന് മനസ്സിലാകാത്ത രീതിയില്‍ സങ്കീര്‍ണ്ണമായത് കാരണം ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ ഇ-ഫയലിംഗ് ചെയ്യണമെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ITR ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്ന .xml ഫയല്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഈ എക്സല്‍ ഫയലില്‍ വിവരങ്ങള്‍ നല്‍കുന്നത് അത്ര ലളിതവുമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ വെബ് പേജില്‍ ലഭ്യമാകുന്ന ഫോമില്‍ നേരിട്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്ന സൗകര്യം കൂടി നിലവില്‍ വന്നിരിക്കുന്നു. ആയത് കൊണ്ട് ഒരു സാധാരണ ഡാറ്റാ എന്‍ട്രി പോലെ നമുക്ക് സൗകര്യമുള്ള സ്ഥലത്ത് നിന്നും വെറും 5 മിനിട്ട് കൊണ്ട് നമുക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം.
വളരെക്കുറഞ്ഞ വിവരങ്ങള്‍ മാത്രമേ എന്‍റര്‍ ചെയ്യേണ്ടതുള്ളൂ. പരമ്പരാഗത രീതിയിലുള്ള പേപ്പര്‍ ഫയലിംഗ് ചെയ്യാമെങ്കിലും വളരെ ലളിതമായെന്നിരിക്കെ നമുക്ക് ഇ-ഫയലിംഗ് ഒന്ന് പരിചയപ്പെടാം. 5 ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്തവരുമാനമുള്ളവര്‍ക്ക് ഇ-ഫയലിംഗ് നിര്‍ബന്ധമാണ്. അത്തരക്കാര്‍ക്ക് പേപ്പര്‍ ഫയലിംഗ് ചെയ്യാന്‍ കഴിയില്ല. ഇ-ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File >> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം. അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും. നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം. ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി ഒത്തു നോക്കി വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നുവെച്ച് ഇവിടെ വെച്ച് പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. https://incometaxindiaefiling.gov.in/e-Filing/Services/KnowYourJurisdictionLink.html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പാന്‍ നമ്പരും അതിന് താഴെ കാണുന്ന വെരിഫിക്കേഷന്‍ കോഡും നല്‍കിയാല്‍ നിങ്ങളുടെ പാന്‍കാര്‍ഡിലുള്ള വിവരങ്ങള്‍ ലഭ്യമാകും. എന്നിട്ടും സംശയമുണ്ടെങ്കില്‍ 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും. ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും. ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ര്ടേഷന്‍ ആക്ടറ്റിവേറ്റ് ചെയ്യപ്പെടുകയും പ്രസ്തുത വെബ്സൈറ്റിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം. ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2013-14 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക. ഹൗസിംഗ് ലോണെടുത്തവര്‍ കഴിഞ്ഞ വര്‍ഷം വരെ ITR-2 ആണ് ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത്തരക്കാരും ITR-1 തന്നെ ഉപയോഗിച്ചാല്‍ മതി. അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിന്‍റെയും അവസാന ഭാഗത്തുള്ള പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു. ടാബ് - 1 ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക. ടാബ് - 2 രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നും നേരത്തേ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി. ടാബ് - 3 മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്. Income from Salary എന്നതിന് നേരെ ചേര്‍ക്കേണ്ടത് നമ്മുടെ Net Salary Income ആണ്. അതായത് Profession Tax തുടങ്ങയവയെല്ലാം കുറച്ചതിന് ശേഷമുള്ള തുക. ഹൗസിംഗ് ലോണെടുത്തവര്‍ B2 കോളത്തിന് നേരെ Type of House Property എന്നതിന് നേരെ Self Occupied എന്ന് സെലക്ട് ചെയ്ത് Income from House Peoperty എന്നതിന് നേരെ ലോണിന് നല്‍കിയ പലിശ മൈനസ് ഫിഗറായി കാണിച്ചാല്‍ മതി. മുതലിലേക്കടച്ച തുക 80സി എന്ന ഡിഡക്ഷനിലും ഉള്‍പ്പെടുത്തുക ടാബ് - 4 നാലാമത്തെ ടാബില്‍ നമ്മള്‍ 2012-13 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 3 വിഭാഗങ്ങളുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. തുടക്കത്തില്‍ നമ്മള്‍ പാന്‍കാര്‍ഡില്‍ നിന്നുമുള്ള വിവരങ്ങള്‍ ഫില്‍ ചെയ്യണമെന്ന ഓപ്ഷന്‍ സെലക്ട് ചെയ്തതു കാരണം നമ്മുടെ പാന്‍കാര്‍ഡിനു മേല്‍ അടവു ചെന്നിട്ടുള്ള നികുതി സ്വമേധയാ പ്രത്യക്ഷപ്പെടും. വ്യത്യാസമുണ്ടെങ്കില്‍ മാത്രം കൂട്ടിച്ചേര്‍ത്താല്‍ മതി. ഗസറ്റഡ് ഉദ്യോഗസ്ഥരാണെങ്കില്‍ ട്രഷറി ആഫീസര്‍ നമുക്ക് വേണ്ടി നികുതി അടച്ചതിന്‍റെ വിവരങ്ങളും അല്ലാത്തവര്‍ സ്ഥാപന മേധാവി നമ്മളില്‍ നിന്നും പിടിച്ചെടുത്ത നികുതിയുടെ വിവരങ്ങളുമാണ് ചേര്‍ക്കേണ്ടത്. (നമ്മള്‍ അടച്ച നികുതി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ രേഖപ്പെട്ടിട്ടുണ്ടോ നമുക്ക് തന്നെ പരിശോധിക്കാം. ഇത് പരിശോധിക്കുന്നതിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ പേജിന് താഴ് ഭാഗത്തായി ടാക്സ് ക്രഡിറ്റ് എങ്ങനെ പരിശോധിക്കാം ? എന്ന തലക്കെട്ടിന് താഴെ വിശദീകരിച്ചിട്ടുണ്ട് ) രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്. മൂന്നാമത്തെ വിഭാഗത്തില്‍ നമ്മള്‍ സ്വമേധയാ അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. ടാബ് - 5 അഞ്ചാമത്തെ ടാബില്‍ ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. രണ്ടാം വിഭാഗത്തില്‍ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നല്‍കുക. ഇത് നിര്‍ബന്ധമാണ്. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും. മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല. ടാബ് - 6 ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല. എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. സബ്മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ റിട്ടേണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന മെസേജ് കാണാം. കൂടാതെ Acknowledgement നമ്പരും റിട്ടേണ്‍ സബ്മിറ്റ് ചെയ്തതിന്‍റെ തെളിവായ ITR-V ഉം അടങ്ങുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെയിലും വരും. ഈ വിന്‍ഡോയില്‍ നിന്നോ കണ്‍ഫര്‍മേഷന്‍ മെയിലില്‍ നിന്നോ ITR-V ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് പി.ഡി.എഫ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ് abcde1234x01011980 എന്ന് നല്‍കുക. ഈ ITR-V പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) താഴെ കാണുന്ന അഡ്രസില്‍ അയച്ചാല്‍ മതി. Income Tax Department - CPS Post Bag No:1 Electronic City Post Office Bengaluru 560100 Kanrnataka. ടാക്സ് ക്രഡിറ്റ് എങ്ങനെ പരിശോധിക്കാം ? വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന സെക്ഷനില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ TDS കാര്യങ്ങളുടെ ചുമതലയുള്ള TRACE എന്ന വെബ്സൈറ്റിലേക്ക് റീ-ഡൈറക്ട് ചെയ്യും. ഇതിന് വേണ്ടി Confirm ബട്ടണ്‍ അമര്‍ത്തുക.അപ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതിന്‍റെ മുകള്‍ ഭാഗത്ത് Assessment Year എന്നതിന് നേരെ 2013-14 എന്നും View As എന്നതിന് നേരെ HTML എന്നും സെലക്ട് ചെയ്ത് View/Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഈ വിന്‍ഡോ താഴേക്ക് സ്ക്രോള്‍ ചെയ്ത് നോക്കിയാല്‍ നിങ്ങള്‍ അടച്ച നികുതിയുടെ വിവരങ്ങള്‍ കാണാം. ഇതില്‍ ഡിഡക്ടറുടെ പേര്, ടാന്‍ നമ്പര്‍, നമ്മുടെ പേരില്‍ ക്രെഡിറ്റ് ചെയ്തിട്ടുള്ല നികുതി എന്നിവ കാണാം.

No comments:

Post a Comment