Income Tax Return 2013-14 : 

E-Filing Income Tax Return 2013 [ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 5 വരെ ദീര്‍ഘിപ്പിച്ചു ] 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ലക്ഷം രൂപയില്‍ താഴെ മൊത്ത വരുമാനമുള്ളവരെ (ഇന്‍കം ടാക്സില്‍ മൊത്തവരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്) ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതല്ല എന്ന് 2013 ജൂലൈ 22 ന് ഒരു സര്‍ക്കുലറിലൂടെ CBDT വ്യക്തമാക്കിയിരുന്നു. ചില പ്രമുഖ പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് അത്ര തന്നെ കര്‍ശനമാക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വരും വര്‍ഷങ്ങളില്‍ എല്ലാവരെയും ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് കൊണ്ട് വരാനാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് സംവിധാനം കുറച്ച് കൂടി ലളിതമാക്കിയിട്ടുണ്ട്. ഇ-ഫയലിംഗ് സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങള്‍ സാധാരണക്കാരന് മനസ്സിലാകാത്ത രീതിയില്‍ സങ്കീര്‍ണ്ണമായത് കാരണം ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ ഇ-ഫയലിംഗ് ചെയ്യണമെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ITR ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്ന .xml ഫയല്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഈ എക്സല്‍ ഫയലില്‍ വിവരങ്ങള്‍ നല്‍കുന്നത് അത്ര ലളിതവുമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ വെബ് പേജില്‍ ലഭ്യമാകുന്ന ഫോമില്‍ നേരിട്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്ന സൗകര്യം കൂടി നിലവില്‍ വന്നിരിക്കുന്നു. ആയത് കൊണ്ട് ഒരു സാധാരണ ഡാറ്റാ എന്‍ട്രി പോലെ നമുക്ക് സൗകര്യമുള്ള സ്ഥലത്ത് നിന്നും വെറും 5 മിനിട്ട് കൊണ്ട് നമുക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം.